About

അമൃതയോഗമായ് ജീവാമൃതം.

യോഗക്ഷേമസഭ തൃശ്ശൂർ ജില്ലാകമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ തുടങ്ങിയ സ്വതന്ത്ര ജീവകാരുണ്യ സംരംഭമാണ് യോഗക്ഷേമ ജീവാമൃതം ട്രസ്റ്റ്. രണ്ടായിരത്തി പതിനേഴ് ഡിസംബർ ഏഴിന് രജിസ്ട്രേഷൻ നടത്തി ഡിസംബർ 24ന് ഉത്ഘാടനം ചെയ്യപ്പെട്ട ട്രസ്റ്റ് നാളിതു വരേയുള്ള സഭാ പ്രവർത്തനത്തിലെ തിളക്കമാർന്ന ഒരദ്ധ്യായമാണ്.

കാരുണ്യത്തിന്റെ വറ്റാത്ത ഉറവയായി മാറാനുള്ള എളിയ ശ്രമമായ ഈ സംരംഭത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ തൃശ്ശൂർ ജില്ലയിലെ സഭാ പ്രവർത്തകരിൽ പകർന്ന ആവേശം ചെറുതല്ല.ജീവാമൃതവിഹായസ്സ് തൃശ്ശൂർ ജില്ലക്ക് പുറത്തേക്കും വ്യാപിക്കുകയാണ്.ബാംഗ്ളൂർ, മുംബൈ, ഡൽഹി,ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്നുമുള്ള യോഗക്ഷേമ സഭാപ്രവർത്തകർ നൽകി വരുന്ന പിന്തുണയും സഹകരണവും വളർച്ചയുടെ വേഗം കൂട്ടുന്നു.

സഹജീവികളുടെ ദുരിതത്തിൽ ആശ്വാസം പകരാനായി ഒരു സംവിധാനം ഉണ്ടാവേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ട തൃശൂർ ജില്ലയിലെ ഏതാനും സന്നദ്ധ യോഗക്ഷേമ സഭാ പ്രവർത്തകർക്ക് തോന്നിയ ഒരു ആശയം അവരുടെ പ്രതീക്ഷകൾക്കും ഉപരിയായി വളർന്നു കൊണ്ടിരിക്കുകയാണ്.

ആധുനിക ജീവിത സാഹചര്യത്തിൽ അപകടങ്ങളിലൂടേയോ ഗുരുതരരോഗാവസ്ഥയിലൂടേയോ കടന്ന് പോകാൻ വിധിക്കപ്പെട്ട് ചികിത്സാചിലവു താങ്ങാൻ കഴിയാതെ പകച്ചുനിൽക്കുന്ന സഹജീവികളെ ജീവിതത്തിന്റെ പച്ചപ്പിലേക്ക് കൈപിടിച്ച് നടത്താൻ സഹായഹസ്തമാവുക എന്നതാണ് ഈ പദ്ധതിയുടെ പ്രഥമോദ്ദേശ്യം.ഭാരിച്ച ചികിത്സാചിലവുകൾ താങ്ങാനാവാതെ വരുന്നവർക്ക് കാരുണ്യത്തിന്റെ ഒരു കൈത്താങ്ങ്.സഹജീവികളിൽ കാണുന്ന തന്മയീ ഭാവത്തിൽ ദുരിതലഘൂകരണത്തിന്നൊരെളിയ സഹായം. പലതുള്ളി പെരുമഴയിൽ കണ്ണീരൊപ്പാൻ വേണ്ട വിഭവലഭ്യത ഉറപ്പാക്കുക എന്നതാണ് ഈ പ്രസ്ഥാനത്തോട് നമുക്കോരോരുത്തർക്കും ഉള്ള ഉത്തരവാദിത്വം.

ചികിത്സാ സഹായം,കോവിഡ് അതിജീവന സഹായം , വിദ്യാഭ്യാസ സഹായം തുടങ്ങി നാളിതുവരെ യായി 25 ലക്ഷത്തിലധികം രൂപയുടെ സഹായ വിതരണം നടത്താനായി എന്ന ചാരിതാർത്ഥ്യം ഉണ്ട്.

തൃശൂർ മാനസിക രോഗ ആസ്പത്രിയിലെയും , കൊരട്ടി കുഷ്ഠരോഗ കേന്ദ്രത്തിലെയും അന്തേവാസികൾക്ക് വസ്ത്രങ്ങളുൾപ്പെടെയുള്ള സാമഗ്രികൾ വിതരണം ചെയ്ത സമയത്ത് അവരുടെ കണ്ണുകളിലെ തിളക്കം ഓർമ്മയിൽ തങ്ങിനിൽക്കുന്ന അനുഭവമാണ്.സമൂഹത്തിൻറെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെടുന്നവരുടെ ദുരിതക്കാഴ്ചകൾ ഇത്തരം പ്രവർത്തനങ്ങളുടെ അനിവാര്യത ഓർമ്മപ്പെടുത്തുന്നു
ഇനിയുമേറെയേറെ ചെയ്യാനുണ്ട് എന്ന തിരിച്ചറിവോടെ തന്നെ മുന്നോട്ടുള്ള പ്രയാണം തുടരുകയാണ്

തൃശൂർ ജില്ലക്കാണ് ട്രസ്റ്റിന്റെ പ്രവർത്തനത്തിൽ പ്രഥമ പരിഗണന.ജില്ലയിലെ എല്ലാ ഇല്ലങ്ങളിലും ജീവാമൃത സന്ദേശം എത്തിച്ച് എല്ലാവരേയും ട്രസ്റ്റിന്റെ പ്രവർത്തനത്തിൽ ഭാഗഭാക്കാക്കുന്നതിനുള്ള പ്രവർത്തനം വിവിധ ഉപസഭകളിൽ യോഗക്ഷേമ-ജീവാമൃത സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയത് പ്രവർത്തനത്തിലെ ഒരു സുപ്രധാന ഏടാണ് . ഒരൊറ്റ ദിവസം തന്നെ ജില്ലയിലെ എല്ലാ യോഗക്ഷേമ ഭവനങ്ങളിലും ജീവാമൃത സന്ദേശം എത്തിച്ച പ്രവർത്തനം പ്രവർത്തകരുടെ ആസൂത്രണമികവിൻറേയും നിശ്ചയദാർഢ്യത്തിൻറേയും തിളങ്ങുന്ന ഉദാഹരണമായി.ആ പ്രവർത്തനത്തിൻറെ അനുരണനമായി പിന്നീടുള്ള ദിവസങ്ങളിൽ ഒട്ടേറെ പേർ ജീവാമൃതത്തിൻറെ ഭാഗമാവാൻ തയ്യാറായി.തൃശൂർ ജില്ലയിലെ എല്ലാ ഇല്ലങ്ങളിൽ നിന്നും ജീവാമൃതം അംഗങ്ങൾ എന്ന ലക്ഷ്യത്തോടെ ഉള്ള പ്രവർത്തനം ഗൃഹസമ്പർക്ക പരിപാടികളിലൂടെ അവിരാമം തുടരുകയാണ്.നമുക്കോരോരുത്തർക്കും ഈ സന്നദ്ധ പ്രവർത്തനത്തിൽ തനധനമന സമർപ്പണത്തിലൂടെ പങ്കാളികളാവാം. അംഗത്വം എടുത്തും സന്ദേശം പ്രചരിപ്പിച്ചും വിഭവശേഷി ഉയർത്താം.

നാല് വർഷം മുമ്പ് ട്രസ്റ്റ് രൂപീകരിക്കുമ്പോൾ രണ്ടായിരം വ്യക്തികളിൽ നിന്നും അയ്യായിരം രൂപ വീതം സമാഹരിച്ച് ഒരു കോടി രൂപയുടെ കോർപ്പസ് ഫണ്ട് സമാഹരിക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം.കോർപ്പസ് ഫണ്ടിന്റെ പലിശയും മറ്റ് സംഭാവനകളും അർഹരായവർക്ക് സഹായമായി എത്തിക്കുക എന്നത് തുടർപ്രവർത്തനവും.പ്രവർത്തകരുടെ പ്രതിബദ്ധതയും സഭാംഗങ്ങളുടെ പിന്തുണയും അനുസ്യൂതമായി പ്രവഹിച്ചപ്പോൾ 2021 ലെ വിഷുക്കണി ആയി ഒരുകോടിയുടെ സാക്ഷാത്കാര സന്ദേശം അംഗങ്ങളിലേക്കെത്തിയത് അവിസ്മരണീയ അനുഭവംആയി.

കോവിഡ് കാലഘട്ടം അതിജീവനം ദുഷ്കരമായ നിരവധി പേരിലേക്ക് ട്രസ്റ്റിന്റെ വിഭവപരിമിതിക്കകത്ത് നിന്ന് കൊണ്ട് പ്രതിമാസ സഹായമായി തുകകൾ കൈമാറാൻ കഴിഞ്ഞ താണ് എടുത്തു പറയേണ്ട മറ്റൊരു സാമൂഹിക ഉത്തരവാദിത്വ പ്രവർത്തനം.ഇത്തരം സംരംഭങ്ങളുടെ വിജയം അംഗങ്ങളുടേയും അഭ്യുദയകാംക്ഷികളുടേയും കലവറയില്ലാത്ത സാമ്പത്തിക സഹായങ്ങൾ തന്നെയാണ്.

ജീവാമൃതപ്രവർത്തനങ്ങളിൽ വ്യക്തിപരമായി ആശ്വാസം ലഭിച്ച വളരെയേറെ ആളുകൾ ഉണ്ട്.എന്നാൽ വാക്സിനേഷൻ ക്യാമ്പ് എന്ന സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്ത് വിജയിപ്പിച്ചത് പ്രവർത്തനമികവിൻറേയും നിസ്വാർത്ഥമായ കൂട്ടായ്മയുടേയും മികച്ച ഉദാഹരണമാണ്.അഞ്ഞൂറിലധികം വ്യക്തികൾ 2021 ജൂലൈ 27ന് നടത്തിയ ക്യാമ്പിൽ വച്ച് സൗജന്യ നിരക്കിൽ വാക്സിൻ സ്വീകരിച്ചു.ചിട്ടയായ മുന്നൊരുക്കങ്ങളും ആസൂത്രണവും കൊണ്ട് ജീവാമൃതം സൃഷ്ടിച്ച മാതൃക എത്രത്തോളം മികവുറ്റതായിരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു ക്യാമ്പിൽ പങ്കെടുത്തവരുടെ പ്രതികരണങ്ങൾ.പലപ്പോഴും കൃത്രിമ ത്വമില്ലാത്ത വാക്കുകൾ ഹൃദയത്തിൽ നിന്നുതിർന്നതാണെന്ന യാഥാർത്ഥ്യം വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു വിജയിപ്പിക്കാൻ ഉള്ള പ്രചോദനമാണ്.

ജീവാമൃത അംഗത്വം കൊണ്ട് നമ്മുടെ ഉത്തരവാദിത്വം തീരുന്നില്ല.അതൊരു തുടർ പ്രക്രിയ ആണ്.
പലിശ നിരക്കിലെ കുറവും ആവശ്യക്കാരുടെ എണ്ണത്തിലെ വർദ്ധനയും മൂലം ഇനിയുമേറെ വിഭവസമാഹരണം ആവശ്യമാണ്.ആ തിരിച്ചറിവിൽ ഓരോ സമുദായാംഗങ്ങളോടും തുടർ സഹായങ്ങളുമായി ഈ സദുദ്യമത്തിൽ അണിചേരാൻ ഓർമ്മിപ്പിക്കുന്നു. വിവാഹം,പിറന്നാളുകൾ , ഗൃഹപ്രവേശം, ചോറൂണ് , പുരസ്കാരലബ്ധികൾ, ഔദ്യോഗിക നേട്ടങ്ങൾ തുടങ്ങി നമ്മുടെ ഏതൊരാഘോഷത്തിലും ഒരു ചെറിയ സംഖ്യ ഈ ജീവകാരുണ്യ പ്രവർത്തനത്തിന് നൽകാനായി നാം മാറ്റി വച്ചാൽ അതിൽ പരം ഒരു പൂർണത എന്താണുള്ളത്? കാരുണ്യത്തിന്റെ വറ്റാത്ത ഉറവകളായി ആഘോഷങ്ങളെ നമുക്ക് സാർത്ഥകമാക്കാം….

ആദായ നികുതി നിയമത്തിലെ 12 A വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ജീവാമൃതം ട്രസ്റ്റിലേക്കുള്ള സംഭാവനകൾക്ക് 80 G വകുപ്പ് പ്രകാരം ഉള്ള നികുതി കിഴിവിനും ദാതാവിന് അർഹതയുണ്ട്.

ആലംബഹീനരായവർക്ക് തങ്ങളാൽ കഴിയുന്ന ഒരു സഹായം നൽകുക എന്ന സൽക്കർമ്മത്തിൽ ജീവാമൃതത്തിൻറെ വഴിയിൽ അണിചേർന്നു പ്രവർത്തിക്കേണ്ടത് ജില്ലയിലെ ഓരോ സഭാംഗത്തിൻറേയും ധർമ്മമാണ്……ഈ സന്ദേശം എല്ലാവരിലും എത്തിക്കുവാനും കൂടുതൽ പേരെ ഈ സംരംഭത്തിൽ ഭാഗഭാക്കാക്കാനുമുള്ള ആത്മാർത്ഥ ശ്രമത്തിൽ നമുക്കോരോരുത്തർക്കും അണിചേരാം. ഈ ജീവകാരുണ്യ സംരംഭത്തിന്റെ പതാകാ വാഹകരാവാം…….ജീവാമൃത ജിഹ്വയായി,വഴിമുട്ടുന്ന ജീവിതങ്ങളിൽ കാരുണ്യത്തിന്റെ സാന്ത്വനസ്പർശമാവാം.. അമൃത മഴയാവാം……